
മണൽത്തറകൾ

മണൽത്തറകൾ(Manalttharakal ) /Sandy Seabed, Barren Seabed.
കടൽ അടിത്തറയിൽ മണലാരണ്യം പോലെ കാണപ്പെടുന്ന പ്രദേശങ്ങളെയാണ് സാൻഡി സീ ബെഡ് അഥവാ ബാരൻ ബെഡ് എന്നൊക്കെ ശാസ്ത്രലോകം വിളിക്കുന്നത്. ഇതിൽ കടൽ മണൽത്തറയെ സംബന്ധിച്ച് തരിശായ അഥവാ വന്ധ്യമായ എന്നർത്ഥമുള്ള ബാരൻ എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത് യുക്തിപരമല്ല. കാരണം ശംഖുകൾ കക്കകൾ ഉൾപ്പെടുന്ന കടലിലെ ഏറ്റവും വലിയ ജൈവക്കൂട്ടമായ മൊളസ്ക്ക് വിഭാഗത്തിൽ ഉൾപ്പെടുന്ന ജീവികളിൽ പലതും വസിക്കുന്നത് ഈ മണൽപരപ്പിൽ ആണ്. കൂടാതെ പലയിനം മത്സ്യങ്ങൾ, ഞണ്ടുകൾ, തിരണ്ടികൾ മുതലായവയും മണലിൽ പുതഞ്ഞു ജീവിക്കുന്നതായി കാണാം. വിവിധയിനം കണവകൾ പാരുകൾക്ക് അടുത്തുള്ള പരുപരുത്ത മണൽപരപ്പ് മുട്ടയിടാനായി തെരഞ്ഞെടുക്കാറുണ്ട്. മുട്ടയിട്ട് കിടക്കുന്ന തള്ളക്കണവകൾക്ക് തൊട്ടടുത്ത പാരിൽ നിന്നും ഇര പിടിക്കാൻ സൗകര്യപ്പെടും എന്നതിനാൽ ആണത്. ഇത്തരം മണൽ പ്രദേശങ്ങളെ 'മട' എന്നാണ് കടലോര ഭാഷയിൽ പറയുന്നത്. ചുരുക്കത്തിൽ കടലിലെ മണൽത്തറകൾ വളരെ പ്രോഡക്റ്റീവ് ആയ ഒന്നാണ്.





